Friday, September 19, 2014

മഹാഭാരതം - 43 (യുദ്ധാരംഭം )

ഇത് വിവരിച്ചു കേട്ട ശേഷം

ധൃതരാഷ്ട്രർ അതീവ ദു:ഖത്തോടെ  : അതിനർത്ഥം ഇനി ഈ യുദ്ധം ഒഴിവാക്കാനാവില്ല എന്നല്ലേ .....സന്ജെയാ..എനിക്ക് ഈ യുദ്ധത്തിന്റെ പരിണാമവും അറിയാം ..ഇനി വേണമെങ്കിൽ നിനക്ക് പോകാം...രഥം തന്നെ ഇല്ലെങ്കിൽ പിന്നെയെന്തിനാണ് ഒരു സാരഥി...!

സന്ജേയൻ : ഇത് അങ്ങയുടെ ആജ്ഞയാണെങ്കിൽ തീർച്ചയായും ഞാൻ പോകാം ..പക്ഷെ സത്യത്തിൽ എനിക്ക് അങ്ങയെ വിട്ടു പോകണം എന്നില്ല ...

തെല്ലു പരിഹാസത്തോടെ ...ധൃതരാഷ്ട്രർ : ശെരി,,, എന്നാൽ നീ പോകേണ്ട ..നിനക്ക് ഫലം ഇചിക്കാതെ കർമ്മം ചെയ്യണമായിരിക്കുമെല്ലെ..ശെരി ...നീ ഇവിടെ എന്റെ കൂടെ നിൽക്ക് എന്നിട്ട് പറ ..അർജ്ജുനന്റെ അമ്പു ആദ്യം കൊണ്ടത്‌ ആർക്കാണ് എന്ന് ...എന്റെ മക്കൾ എങ്ങനെയാണ് വീരചരമം അടഞ്ഞതെന്ന്....

പെട്ടെന്ന് യുദ്ധത്തിനെ കുറിച്ചുള്ള ആശങ്ക കാരണം ...ദ്ധൃതരാഷ്ട്രർ :..സന്ജെയാ എന്തായി അവിടെ യുദ്ധം തുടങ്ങിയോ ? എന്റെ ദുര്യോധനൻ യുദ്ധത്തിനു വേണ്ടി ഒരുപാട് ആഗ്രഹിച്ചതാണെല്ലോ അവൻ എന്ത് ചെയ്യുന്നു .. ? പിതാമഹൻ എന്താണ് അവിടെ ചെയ്യുന്നത് ?

 സന്ജേയൻ വിവരണം തുടർന്ന്

കുരുക്ഷേത്രത്തിൽ ....

ഭീഷ്മർ : എന്തായിരിക്കും അവർ ഇത്രയും നേരമായി സംസാരിക്കുന്നത് അതിൽ ഒരു വാക്ക് എങ്കിലും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ ജന്മം ധന്യമാകുമായിരുന്നു അർജ്ജുനൻ എന്തൊരു ഭാഗ്യവാനാണ് ..

ദുര്യോധനൻ : എന്ത് ഭാഗ്യവാൻ ..ആ പേടിതൊണ്ടൻ അർജ്ജുനൻ ആ മരമണ്ടൻ കൃഷ്ണനോട് ഇവിടെ നിന്നും എങ്ങനെ ഓടി രക്ഷപെടാം എന്നാണു ചോദിക്കുന്നത് ..അതിൽ എന്താണ് ഇത്ര സംശയം ...?

 ഭീഷ്മർ ദേഷ്യത്തിൽ ദുര്യോധനനെ ഒന്ന് നോക്കുക മാത്രം ചെയ്തു ...

അർജ്ജുനൻ തിരിച്ചു തന്റെ സൈന്യത്തിന് അടുത്തേക്ക് പോയി ...

ദുര്യോധനൻ : ഇനി എന്തിനാണ് ഈ താമസം എന്താണ് യുദ്ധം ആരംഭിക്കാത്തത് ? ഇനിയെങ്കിലും ആ ശംഗ് മുഴക്കി യുദ്ധം ഒന്ന് ആരംഭിക്കാമോ ?

ഭീഷ്മർ : ദുര്യോധനാ ..സമയം ആയിട്ടില്ല ഞാൻ ഒരാളെ പ്രതീക്ഷിച്ചു നില്ക്കുകയാണ് ?

ദുര്യോധനൻ : ആരെ ? !! ..

ഭീഷ്മർ : അത് വൈകാതെ തന്നെ നിനക്ക് മനസ്സിലാകും

അർജ്ജുനൻ തിരിച്ചു യുധിഷ്ടിരന്റെ അടുത്തെത്തി താൻ യുദ്ധത്തിനു തയ്യാറാണ് എന്ന് അറിയിച്ചു അപ്പോൾ ..യുധിഷ്ടിരൻ തന്റെ രഥത്തിൽ നിന്നും ഇറങ്ങി കൗരവരുടെ സേനയെ ലക്ഷ്യമാക്കി നടന്നു തുടങ്ങി ...

ഇത് കണ്ട ദുര്യോധനൻ ..പൊട്ടിച്ചിരിച്ചു കൊണ്ട് ....ഹഹഹ ...കണ്ടില്ലേ ..യുദ്ധം തുടങ്ങുന്നതിനു മുൻപേ അവർ തോൽവി സമ്മതിച്ചു എന്ന് തോനുന്നു ..അവൻ ഇങ്ങോട്ട് വരുന്നത് സന്ധി സംഭാഷണത്തിനാണ് ...

ഭീഷ്മർ : ദുര്യോധനാ ...നീ എന്തിനാണ് ഇങ്ങനെ അക്ഷമനാകുന്നത് ...യുധിഷ്ടിരൻ ഇവിടെ വരുമ്പോൾ അറിയാമെല്ലോ എന്തിനാണെന്ന് ...?

യുധിഷ്ടിരൻ ഭീഷ്മരുടെ മുന്നിൽ വന്നു ഭീഷ്മരെ നമസ്കരിച്ചു .ഇത് കണ്ടു ഭീഷ്മർ തന്റെ രഥത്തിൽ നിന്നും ഇറങ്ങി യുധിഷ്ടിരന്റെ അരികിൽ  എത്തി ..യുധിഷ്ടിരൻ ഭീഷ്മരുടെ  .കാൽ തൊട്ടു വന്ദിച്ച ശേഷം

യുധിഷ്ടിരൻ : ഞാൻ ഈ യുദ്ധം ചെയ്യാൻ അങ്ങയുടെ അനുവാദം ചോദിക്കാൻ വന്നതാണ് ..

ഭീഷ്മർ : വിജയ്‌ ഭവ .!   നീ ഇപ്പോൾ എന്നോട് അനുവാദം ചോദിക്കാൻ വന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളെ ശപിക്കുമായിരുന്നു ...

യുധിഷ്ടിരൻ : അത് എങ്ങനെ പിതാമഹാ ...ശത്രുക്കളോടു  യുദ്ധം ചെയ്യുന്നതിന് മുൻപുപോലും ഞാൻ അങ്ങയുടെ അനുവാദം ചോദിക്കാറുള്ളതല്ലേ   ..ഈ യുദ്ധമാകട്ടെ അങ്ങയോടു തന്നെയും ..അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് അങ്ങയുടെ അനുവാദം കൂടാതെ യുദ്ധം ചെയ്യുക..

ഭീഷ്മർ : സ്വന്തം  പ്രതിജ്ഞകളാൽ തന്നെ ബന്ധനസ്ഥനായ നിന്റെ ഈ പിതാമഹന് ഈ അനുഗ്രഹം അല്ലാതെ നിങ്ങൾക്ക് ആകെ നല്കാൻ കഴിയുന്നത്‌ മുറിവുകൾ മാത്രമാണ് മകനെ ....

യുധിഷ്ടിരൻ : അങ്ങ് ഏല്പിക്കുന്ന മുറിവുകൾ പോലും ഞങ്ങൾ അങ്ങയുടെ അനുഗ്രഹമായി കണ്ടു സന്തോഷത്തോടെ ഏറ്റു വാങ്ങും ...

ഭീഷ്മർ ദു:ഖത്തോടെ തന്റെ രഥത്തിലേയ്ക്ക് തിരിച്ചു കയറി

അടുത്തതായി യുധിഷ്ടിരൻ തന്റെ ഗുരുക്കന്മാരായ ദ്രോണാചാര്യരെയും   ക്രിപാചാര്യരെയും അമ്മാവനായ ശല്യരെയും  നമസ്കരിച്ചു അനുഗ്രഹം ചോദിച്ചു ...എല്ലാവരും യുധിഷ്ടിരനെ വിജയ്‌ ശ്രീ ഭവ ! എന്ന് പറഞ്ഞു അനുഗ്രഹിച്ചു ...ദ്രോണർ യുധിഷ്ടിരനോട് പറഞ്ഞു ..യുദ്ധ ഭൂമിയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും ഇല്ല ..യുദ്ധം എപ്പോഴും എതിരാളിയോടാണ് ചെയ്യുന്നത് ..അത് കൊണ്ട് ഈ യുദ്ധം തുടങ്ങി കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ ഗുരുവാണ് എന്ന് നീ ഒരിക്കലും ചിന്തിക്കരുത് ...കാരണം ഈ യുദ്ധം തുടങ്ങിയാൽ നിങ്ങൾ എന്റെ ശിഷ്യന്മാരായിരുന്നു എന്ന് ഒന്നും ഞാൻ ഓർക്കില്ല ..നിനക്ക് ഞാൻ അവസാനമായി ഒരു പാഠം കൂടി പറഞ്ഞു തരാം സ്വന്തം ആയുധങ്ങൾ വിൽക്കാൻ തയ്യാറാകുന്ന ഒരു യോദ്ധാവ് വാസ്തവത്തിൽ ഒരു യോദ്ധാവേ അല്ല അവൻ വെറും ഒരു ശവത്തിനു തുല്യമാണ് അവൻ വെറും ഒരു സ്വാർത്ഥനാണ്.. ധനത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവൻ ധനത്തിന്റെ വെറും ഒരു അടിമയാണ് അത് കൊണ്ട് അങ്ങനെയുള്ള ഒരു യോദ്ധാവ് ആദരവ് അർഹിക്കുന്നില്ല. .യുദ്ധത്തിൽ ബന്ധുക്കൾ ഇല്ല ഈ യുദ്ധഭൂമിയിൽ നമ്മൾ എല്ലാവരും എതിരാളികൾ മാത്രമാണ്..അത് കൊണ്ട് എന്നോട് യുദ്ധം ചെയ്യുക എന്നത് നിന്റെ ധർമ്മമാണ് ....നിങ്ങൾ അഞ്ചു സഹോദരങ്ങളും എന്നെ നിരാശനാക്കില്ല  എന്ന് ഞാൻ പ്രതീക്ഷിക്കുന്നു  ....പിന്നെ നീ അർജ്ജുനനോട് പറയണം ..അവൻ ഈ യുദ്ധത്തിൽ എന്നോട് യുദ്ധം ചെയ്യേണ്ടിവരുമ്പോൾ എന്തെങ്കിലും വിമുഘത കാണിച്ചാൽ അവൻ എനിക്ക് തന്ന ഗുരു ദക്ഷിണ ഞാൻ തിരിച്ചു നല്കും എന്ന് ....

കൃപാചാര്യർ പറഞ്ഞു ..യുധിഷ്ടിരാ ...മനുഷ്യൻ ഒരിക്കലും കാമത്തിനും ധനത്തിനും അടിമപെടരുത്.

 അടുത്തതായി ശല്യരുടെ ഊഴം ആയിരുന്നു ...

ശല്യർ : ഞാനും എന്റെ സേനയും യുദ്ധം ചെയ്യുന്നത് ദുര്യോധനന് വേണ്ടിയാണെങ്കിലും എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ആയിരിക്കും ...വിജയ ശ്രീ ഭവ ! .. 

യുധിഷ്ടിരൻ തിരിച്ചു തന്റെ സൈന്യത്തിന് അടുത്തേക്ക് പോയി ..

ഇതെല്ലം കണ്ടു നിന്ന ദുര്യോധനന് കോപം അടക്കാനായില്ല ...

ദുര്യോധനൻ : നിങ്ങളെ  പോലുള്ള സേനാനായകന്മാരെ കിട്ടിയത് എന്റെ എന്തൊരു മഹാഭാഗ്യമാണ് ..യുദ്ധം ചെയ്യുന്നത് എനിക്ക് വേണ്ടി എന്നിട്ട് ശത്രുക്കളെ അനുഗ്രഹിക്കുന്നു ..വിജയ ശ്രീ ഭവ ! ..എന്താണ് ഇതെല്ലാം ?

ഭീഷ്മർ : ആധരിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കാൻ ക്ഷത്രിയർക്ക് ആവില്ല മോനെ  ...യുധിഷ്ടിരൻ നിന്റെ അമ്മാവൻ  ശകുനിയോടു അനുഗ്രഹം തേടിയിരുന്നെങ്കിൽ കൂടി ശകുനിയും അവനെ അനുഗ്രഹിക്കുമായിരുന്നൂ ...ഈ യുദ്ധം വിജയിക്കാൻ ..ദുര്യോധനാ ...നീ നിന്റെ ജേഷ്ടൻ യുധിഷ്ടിരന്റെ അനുഗ്രഹം ചോദിച്ചിരുന്നെങ്കിൽ അവനും നിന്നെ അനുഗ്രഹിക്കുമായിരുന്നു ...വിജയ ശ്രീ ഭവ എന്ന് ..പക്ഷെ അത് എങ്ങനെയാ ...നിന്റെ അഹങ്കാരം നിന്നെ അതിനു അനുവദിക്കില്ലെല്ലോ ...

ഭീഷ്മരുടെ ഈ വാക്കുകളെ ദുര്യോധനൻ പുച്ചിച്ചു തള്ളി ...

അതെ സമയം തന്റെ സൈന്യത്തിന്റെ അടുത്ത് എത്തിയ യുധിഷ്ടിരൻ രണ്ടു സേനയോടുമായി ഒച്ചത്തിൽ വിളിച്ചു പറഞ്ഞു ..."ഈ ഭൂമി ഒരു പവിത്ര ഭൂമിയാണ്‌ ...ഇവിടെ ഇപ്പോൾ നടക്കാൻ പോകുന്നത് ഒരു ധർമ്മയുദ്ധവും ..ആർകെങ്കിലും സത്യവും ധർമ്മവും എതിർ  പക്ഷത്താണ് എന്ന് തോനുന്നുണ്ടങ്കിൽ എതിർ  പക്ഷത്തേക്ക് പോകാം അതിനു നിങ്ങളെ ആരും തടയുകയില്ല ..അത് പോലെ അവിടെയുള്ള ആർക്കെങ്കിലും സത്യം ഞങ്ങളുടെ ഭാഗത്താണ് എന്ന് തോനുന്നുണ്ടെങ്കിൽ ഇവിടേയ്ക്ക് വരാവുന്നതാണ് അവരെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും അതിനു ശേഷം പിതാമഹൻ ശംഗ് മുഴക്കി യുദ്ധം ആരംഭിച്ചതായി പ്രഗ്യാപിക്കും  "

ഇത് കേട്ട സേനാംഗങ്ങൾ പരസ്പരം നോക്കി നിന്നു അല്പസമയം കഴിഞ്ഞു കൗരവരുടെ പക്ഷത്തു നിന്നും യുയുത്സു എന്ന ദുര്യോധനന്റെ അർദ്ധ സഹോദരൻ(ധൃതരാഷ്ട്രർക്ക് ഗാന്ധാരിയുടെ ഒരു ദാസിയിൽ ജനിച്ച പുത്രൻ ) പാണ്ഡവരുടെ പക്ഷത്തേക്ക് തന്റെ രഥത്തിൽ പോയി ..ഇത് കണ്ട ദുര്യോധനന് തന്റെ ദേഷ്യം കടിച്ചമർത്തി നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു ...

 അതിനു ശേഷം പ്രധാന സേനാപതിമാരായ ഭീഷ്മരും തുടർന്ന് ധൃഷ്ടദ്യുമ്നനും ,,ശംഗ് മുഴക്കി  അതിനു ശേഷം എല്ലാ സേനാനായകന്മാരും ശംഗ് മുഴക്കി യുദ്ധം ആരംഭിച്ചതായി പ്രഗ്യാപിച്ചു ..

രണ്ടു സേനയും പരസ്പരം ഏറ്റു മുട്ടി അർജ്ജുനൻ,ഭീഷ്മർ ,ദ്രോണാചാര്യർ,അശ്വഥാമാവ്  തുടങ്ങിയ      മഹാരഥന്മാരുടെ ശരവർഷമേറ്റ്   രണ്ടു പക്ഷത്തും അനേകം പടയാളികൾ നിമിഷങ്ങൾക്കകം തന്നെ മരിച്ചു വീണു ..ഭീമൻ തന്റെ ഗദ കൊണ്ട് അനേകം യോദ്ധാക്കളെ കാലപുരിക്ക് അയച്ചു ...  ധൃഷ്ടദ്യുമ്നൻ ദ്രോണരെയും അർജ്ജുനൻ ഭീഷ്മരേയും നേരിട്ടു ..അർജ്ജുനൻ യുദ്ധം ചെയ്യുന്നതിന് മുൻപ് നമസ്കാരഭാണം ഭീഷ്മരുടെ രഥത്തിനു മുന്നിലായി എയ്തു ഭീഷ്മർ അർജ്ജുനനെ അനുഗ്രഹിച്ച ശേഷം തന്റെ വില്ല്  എടുത്തു അർജ്ജുനന് നേരെ അമ്പു എയ്തു  ..  പക്ഷെ വളരെ നേരം ശ്രമിച്ചിട്ടും ആർക്കും ആരെയും ഒന്ന് മുറിവേൽപ്പിക്കാൻ പോലും  കഴിഞ്ഞില്ല ..

 സഹോദരങ്ങളും മക്കളും കൊച്ചുമക്കളും അങ്ങനെ ഒരേ  കുടുംബത്തിലെ തന്നെ അംഗങ്ങൾ തമ്മിൽ ഏറ്റു മുട്ടുന്ന ആ ഹൃദയ ഭേദകമായ ആ കാഴ്ച കണ്ടു നില്ക്കാൻ തനിക്കാവില്ല എന്ന് സന്ജേയൻ ധൃതരാഷ്ട്രരോട് പറഞ്ഞു ...

ധൃതരാഷ്ട്രർക്ക് തന്റെ മക്കൾക്ക്‌ എന്തെങ്കിലും അപകടം പറ്റിയോ എന്നത് മാത്രമായിരുന്നു ചിന്ത ..മരിച്ചു വീഴുന്ന ആയിരകണക്കിന് പടയാളികളിൽ അദ്ദേഹത്തിനു യാതൊരു താല്പര്യവും ഇല്ലായിരുന്നു ..

ധൃതരാഷ്ട്രർ : സന്ജെയാ..എന്റെ മകൻ ദുശ്ശാസനൻ എന്ത്   ചെയ്യുകയാണ് അവൻ ആരെയാണ് നേരിടുന്നത് ...ഭീമന്റെ ശപഥം എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് ...

സന്ജേയൻ  രാജാവിന്റെ ആജ്ഞ അനുസരിച്ച് യുദ്ധ വിവരണം തുടർന്നു....

 ദുശ്ശാസനനെ നേരിട്ടത് യുയുത്സുവായിരുന്നു ..വളരെ നേരത്തെ പോരാട്ടത്തിനു ഒടുവിൽ യുയുത്സുവിന്റെ ശരങ്ങൾ ഏറ്റു ദുശ്ശാസനൻ തേരിൽ വീണു ...യുയുത്സു ദുശ്ശാസനനോടായി പറഞ്ഞു .... "ജേഷ്ടൻ( ഭീമൻ) നിന്നെ കൊല്ലും എന്ന് ശപഥം ചെയ്തിട്ടുള്ളത് കൊണ്ട് ഞാനായിട്ട് നിന്നെ കൊന്നു അദ്ദേഹത്തിന്റെ ശപഥം തെറ്റിക്കാൻ ആഗ്രഹിക്കുന്നില്ല ..അത് കൊണ്ട് നീ തിരിച്ചു നിന്റെ ശിബിരത്തിൽ പോയി നിന്റെ മുറിവുകളൊക്കെ വെച്ച് കെട്ട്..."

ദുശ്ശാസനൻ യുദ്ധ ഭൂമിയിൽ നിന്നും പിൻവാങ്ങി...

വളരെ നേരത്തെ പോരാട്ടത്തിനു ശേഷവും അർജ്ജുനന് ഭീഷ്മരിനെ തടയാൻ ആവുന്നില്ല എന്ന് കണ്ട യുധിഷ്ടിരന് ആശങ്കയായി ...

യുധിഷ്ടിരൻ : അർജ്ജുനന് പോലും പിതാമഹനെ തടയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മളിൽ ആർക്ക് കഴിയും ?

പെട്ടെന്ന് അഭിമന്യു മുന്നിലേയ്ക്ക് വന്നു ...പറഞ്ഞു "വല്ല്യച്ചാ ഞാൻ തടയാൻ ശ്രമിക്കാം പിതാമഹനെ " ...

അങ്ങനെ യുധിഷ്ടിരന്റെ അനുവാദത്തോടെ അഭിമന്യു ഭീഷ്മർക്ക് നേരെ അമ്പു എയ്യാൻ തുടങ്ങി ...

ധീരനായ ആ ബാലാൻ ആരാണ് എന്ന് ഭീഷ്മർക്ക് മനസ്സിലായില്ല...

ഭീഷ്മർ : ആദ്യം നീ ആരാണ് എന്ന് പറയൂ ...എന്നിട്ട് ആവാം യുദ്ധം

അഭിമന്യു : ഞാൻ ശ്രീ കൃഷ്ണന്റെ ശിഷ്യനും അങ്ങയുടെ  പൗത്രനും അർജ്ജുനന്റെ മകനുമായ അഭിമന്യുവാണ്....

ഭീഷ്മർ  ദു:ഖത്തോടെ  : മോനെ വീരചരമം വരിക്കാനുള്ള പ്രായം നിനക്കായിട്ടില്ല  ..

അഭിമന്യു : വീരചരമം വരിക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒരു പ്രായമൊന്നും ഇല്ല ..പിതാമഹാ ..ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഞാൻ ഇപ്പോൾ വീരചരമം വരിക്കാൻ പോകുനില്ല ..അങ്ങേയ്ക്ക് ആണെങ്കിൽ  അതിനുള്ള പ്രായമൊക്കെ എപ്പോഴേ കഴിഞ്ഞിരിക്കുന്നു ...കൂടാതെ അങ്ങയെ പോലുള്ള ഒരു മഹാരഥനോട് തന്നെ ആദ്യം യുദ്ധം ചെയ്യാൻ കഴിയുക എന്നത് ഇതൊരു യോദ്ധാവിന്റെയും സൗഭാഗ്യമാണ്

അഭിമന്യു പിന്തിരിയാൻ കൂട്ടാക്കാത്തത് കണ്ടു ദു:ഖിതനായ ഭീഷ്മർ ദൈവത്തോടെന്നപോലെ പറഞ്ഞു .."ഹോ എന്റെ ദൈവമേ നീ ആരെയൊക്കെയാണ് എന്റെ ശത്രുക്കളായി മുന്നിൽ കൊണ്ട് വന്നു നിർത്തുന്നത് "...

പക്ഷെ തന്റെ ക്ഷത്രിയ ധർമ്മം അനുസരിച്ച് ഭീഷ്മർ അഭിമന്യുവിനോട് യുദ്ധം ചെയ്തു അഭിമന്യുവിന്റെ കഴിവ് കണ്ടു ഭീഷ്മർ അത്ഭുതപെട്ടു ,,,വളരെ നേരം അഭിമന്യു ചെറുത്തു നിന്നു ..പക്ഷെ ഒടുവിൽ ആ മഹാരഥന്റെ ശരങ്ങൾ അഭിമന്യുവിന്റെ പടച്ചട്ടകൾ ഭേദിച്ച് ...അഭിമന്യുവിന്റെ ഒരു ശരം ഭീഷ്മരിനെയും മുറിവേല്പിച്ചു ...വീണ്ടും അവർ ഒരു പാട് നേരം പോരാടി ..ഒടുവിൽ

ഭീഷ്മർ : മോനെ ..നിന്നെ ഞാനായിട്ട് വധിക്കില്ല ...നിനക്ക് എന്നെ വധിക്കാനും കഴിയില്ല അത് കൊണ്ട് നീ സമയം പാഴാക്കാതെ മറ്റാരെയെങ്കിലും നേരിടുക ..

ഇതും പറഞ്ഞു ഭീഷ്മർ രഥം മറ്റൊരു സ്ഥലത്തേക്ക് നീക്കി ...പക്ഷെ അഭിമന്യു  പറഞ്ഞു ... "ഇല്ല പിതാമഹാ ഞാൻ വന്നത് അങ്ങയെ തടയാനാണ് ഞാൻ മടങ്ങി പോകില്ല"

അദേഹത്തെ പിന്തുടർന്നു അഭിമന്യു ചെല്ലുകയും ഭീഷ്മരുടെ വഴിയിൽ  ശരങ്ങൾ കൊണ്ട് മതിൽ തീർത്തു തടസ്സം സൃഷ്ടിക്കുകയും ചെയ്തു ....

ഇത് കണ്ടു നിസ്സാഹായനായ ഭീഷ്മർ അർജ്ജുനനോടായി പറഞ്ഞു ..."അർജ്ജുനാ നിന്റെ മകനെ തിരിച്ചു വിളിക്കൂ അവൻ എനിക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കുന്നു"

ഇത് കേട്ട ദുര്യോധനൻ ദേഷ്യത്തോടെ അലറി   : പിതാമഹാ നിങ്ങൾ എന്റെ സേനാപതിയാണോ അതോ അവരുടെതോ ..  " എന്നിട്ട് തന്റെ സാരഥിയോടു രഥം ഭീഷ്മരിന്റെ അടുത്തേക്ക് തെളിക്കാൻ പറഞ്ഞു ..

ഭീഷ്മർ അഭിമന്യുവിനോട് : മതി മോനെ മതി ..നിർത്ത് ..ഞാൻ നിന്റെ മരണ കാരണം ആകാൻ ആഗ്രഹിക്കുന്നില്ല മോനെ ..നിന്റെ ഈ ധീരതയും നിന്റെ ഈ കഴിവും കണ്ടു എന്റെ മനസ്സ് നിറഞ്ഞു ഞാൻ പ്രതിജ്ഞ ചെയ്തിട്ടില്ലായിരുന്നെങ്കിൽ ഞാൻ നിന്റെ ഈ ശരങ്ങൾ ഏറ്റു സന്തോഷത്തോടെ ഈ യുദ്ധ ഭൂമിയിൽ മരിച്ചു വീഴുമായിരുന്നു ..അതായിരിക്കും  നിന്റെ  ഈ ധീരതയ്ക്ക് ഞാൻ നല്കുന്ന സമ്മാനം പക്ഷെ ഞാൻ ഹസ്തിനപുരി സുരക്ഷിതമാകുന്നത് വരെ ജീവൻ ത്യജിക്കില്ല എന്ന് ശപഥം ചെയ്തു പോയില്ലേ ...

ഇത് കേട്ടു കൊണ്ട് അവിടെയെത്തിയ ദുര്യോധനൻ : പിതാമഹാ ഹസ്തിനപുരിയുടെ സുരക്ഷയ്ക്ക്  വേണ്ടി ആ ബാലന്റെ ജീവൻ ഞാൻ അങ്ങേയ്ക്ക് സമ്മാനമായി നല്കാം ...

ഇത് കേട്ട അഭിമന്യു പരിഹാസഭാവത്തിൽ : ചെറിയച്ചാ..അങ്ങയുടെ ജീവൻ ഞാൻ എടുക്കില്ല കാരണം അങ്ങയുടെ ജീവൻ എടുത്തു എന്റെ വല്യച്ചനെ ഞാൻ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല

 ..എന്ന് പറഞ്ഞു കൊണ്ട് അഭിമന്യു അവിടെ നിന്നും മറ്റൊരിടത്തേക്ക് പോയി ...

 മറ്റൊരു വശത്ത് മത്സ്യ രാജ്യത്തെ രാജകുമാരൻ ഉത്തരൻ മധുരയുടെ രാജാവ് ശല്ല്യരുമായി യുദ്ധം ചെയ്തു ...ഉത്തരൻ ശല്ല്യരുടെ പടച്ചട്ട തകർത്തു ഒരു അമ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചു കയറി ...ഉത്തരന്റെ ധീരതയും കഴിവും കണ്ടു ശല്ല്യർ അത്ഭുതപെട്ടു ...

ശല്ല്യർ : നീ ആരാണ് മോനെ ?

ഉത്തരൻ : ഞാൻ മത്സ്യ രാജ്യത്തെ രാജകുമാരൻ ഉത്തരൻ ...ഇപ്പോൾ ശ്രീ കൃഷ്ണൻ തേരാളിയായി നില്ക്കുന്നില്ലേ ...അതിൽ ഇരിക്കുന്ന അർജ്ജുനൻ ആയിരുന്നു വിരാട് യുദ്ധത്തിൽ എന്റെ തേരാളി ...നിങ്ങൾ എന്റെ പ്രായം നോക്കേണ്ട ..ഞാൻ എയ്ത അമ്പു നിങ്ങളുടെ ശരീരത്തിൽ എത്ര ആഴത്തിലാണ് എന്ന് മാത്രം നോക്കിയാൽ മതി

ഇത് കേട്ട ശല്ല്യർക്ക്  അത് അത്ര രസിച്ചില്ല ...

ശല്ല്യർ :  നിന്റെ നാവിനു നിന്നെക്കാൾ നീളമാണെല്ലോടാ ..ചുണയുണ്ടെങ്കിൽ  ഇത് തടുക്കു ...ഇതും പറഞ്ഞു ശല്യർ ഉത്തരനെ പൂർവാധികം ശക്തമായി ആക്രമിച്ചു ഉത്തരനും തിരിച്ചു ആക്രമിച്ചു ...ശല്ല്യരുടെ വില്ലുകൾ ഉത്തരൻ തകർത്തെറിഞ്ഞു...ശല്ല്യരുടെ ശരീരത്തിൽ ഉത്തരന്റെ ശരങ്ങൾ തുളച്ചു കയറി .ശല്ല്യരുടെ തേരാളിയെ ഉത്തരൻ അമ്പു എയ്തു വീഴ്ത്തി ..രഥവും തകർത്തു....എന്നിട്ട് ഉത്തരൻ പറഞ്ഞു ...ഇപ്പോൾ മനസ്സിലായില്ലേ ..ഞാൻ വെറും വാക്ക് പറയാറില്ല എന്ന് ...

പെട്ടെന്ന് അടുത്ത് കിടന്ന ഒരു കുന്തം എടുത്തു ശല്യർ ഉത്തരന് നേരെ എറിഞ്ഞു ...ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ നീക്കം ഉത്തരന് തടയാൻ ആയില്ല ...കുന്തം ഉത്തരന്റെ ഹൃദയം തകർത്തു ..മുതുകിലൂടെ  പുറത്ത്  വന്നു ...തത്ക്ഷണം ഉത്തരൻ തേരിൽ മരിച്ചു വീണു ...ആ ധീര യോദ്ധാവിന്റെ മരണത്തെ താൻ ബഹുമാനിക്കുന്നു എന്ന് ശല്യർ ഉത്തരന്റെ ശവത്തിനു അടുത്ത് വന്നു നിന്ന് പറഞ്ഞു ...വൈകാതെ സൂര്യൻ അസ്തമിച്ചു അന്നത്തെ യുദ്ധം അവസാനിച്ചു

 ഉത്തരന്റെ വീരചരമത്തിൽ പിതാവായ വിരാട് അഭിമാനിച്ചു ...പക്ഷെ ഈ വിവരം ഉത്തരന്റെ അമ്മ സുദേഷ്ണയെ അറിയിക്കുന്നത് എങ്ങനെ ? അവർ ഇതെങ്ങനെ താങ്ങും എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി ...തന്റെ മകന്റെ മരണത്തിൽ കരഞ്ഞാൽ അത് അവനോടു ചെയ്യുന്ന അനാധരവാകും എന്ന് ആ ധീരനായ പിതാവ് കരുതിയിരുന്നു ...

അദ്ദേഹം സുദേഷ്ണയുടെ അടുത്തെത്തി ...വിരാടിനെ കണ്ടയുടനെ ആ അമ്മയ്ക്ക് അറിയേണ്ടിയിരുന്നത് തന്റെ മകന്റെ പ്രകടന മികവിനെ കുറിച്ചായിരുന്നു ..

സുദേഷ്ണ : ഉത്തരൻ നല്ലവണ്ണം യുദ്ധം ചെയ്തോ അവൻ ആരെയൊക്കെ നേരിട്ടു...അവൻ എല്ലാവരെയും അത്ഭുതപെടുത്തിയോ ?

വിരാട് : അതെ ഇന്നത്തെ യുദ്ധം തന്നെ അവന്റെതായിരുന്നു ...അവൻ എല്ലാവരെയും  അത്ഭുതപെടുത്തി ...നിനക്ക് അഭിനന്ദനങൾ ...അവനെ പോലൊരു മകന്റെ മാതാപിതാക്കൾ ആകാൻ കഴിഞ്ഞത് നമ്മളുടെ ഭാഗ്യമാണ് ..

ഇത് കേട്ട സുദേഷ്ണ സന്തോഷത്തോടെ വിരാട് പറയുന്നത് ശ്രദ്ധിച്ചു നിന്നു.....വിരാട് സംഭവിച്ചതെലാം വിവരിച്ചു ..ഒടുവിൽ....മധുരയുടെ രാജാവ് ശല്യർ ഉത്തരന്റെ ശവത്തിന്റെ മുന്നിൽ വന്നു നിന്നു പറഞ്ഞു "നിന്റെ ഈ വീരചരമത്തെ  ഞാൻ ആദരിക്കുന്നു "...

ഇത് കേട്ടതും സുദേഷ്ണ ആകെ തളർന്നു പോയി ... പക്ഷെ അവന്റെ വീര ചരമത്തെ കരഞ്ഞു അപമാനിക്കരുത് എന്ന് വിരാട് രാജാവ് പറഞ്ഞു ..സുദേഷ്ണ തന്റെ ദുഖം ഉള്ളിൽ  ഒതുക്കി ..

ഉത്തരന്റെ വീരചരമത്തെ  ശത്രുക്കൾ പോലും  ആധരവോടെയാണ് കണ്ടത് ...പക്ഷെ പേര് പോലും അറിയപെടാത്ത ആയിരകണക്കിനു പടയാളികളുടെ ശവങ്ങൾ ആ യുദ്ധ ഭൂമിയിൽ ചിതറി കിടന്നിരുന്നു ..

. Flag Counter

No comments:

Post a Comment