Monday, September 15, 2014

മഹാഭാരതം - 37 (സൂര്യപുത്രൻ )

ദുര്യോധനൻ ശ്രീ കൃഷ്ണന്റെ എല്ലാ നിബന്ധനകളും നിരസിച്ചതോടെ യുദ്ധം തീർച്ചയായി ...രണ്ടു പക്ഷത്തും അത് അറിഞ്ഞു സന്തോഷിക്കാൻ ഒരു പാട് ആളുകൾ  ഉണ്ടായിരുന്നു ..കർണ്ണൻ..ദുര്യോധനനോട് യുദ്ധം തീർച്ചയാക്കിയതിനു നന്ദി പറഞ്ഞു ..ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല അർജ്ജുനനെ നേരിടാൻ എന്നുള്ള അറിവ് കർണ്ണനു പുതിയ ഒരു ഉണർവ് പോലും നല്കി ....

 പക്ഷെ യുദ്ധം ഇനി ഒഴിവാക്കാനാവില്ല എന്ന വാർത്ത സൂര്യഭാഗവാനെയും ,ഇന്ദ്രനെയും ഒരു പോലെ അസ്വസ്ഥരാക്കി ....ഇന്ദ്രന് അറിയാമായിരുന്നു തന്റെ മകൻ അർജ്ജുനനു നേരിടേണ്ടി വരുന്നത് സൂര്യഭഗവാന്റെ പുത്രൻ കർണ്ണനെയാണെന്നും..അവനു കവച കുണ്ഡലങ്ങൾ ഉള്ളിടത്തോളം കാലം അവനെ ജയിക്കാൻ അർജ്ജുനനു ആവില്ല .കാരണം ഒരു ദിവ്യാസ്ത്രത്തിനും ..ഈ കവച കുണ്ഡലങ്ങൾ  തകർകകാനാവില്ല ...കർണ്ണൻ ആകട്ടെ അർജ്ജുനനെ കൊല്ലുക എന്നതാണ് തന്റെ ജീവിത ലക്‌ഷ്യം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു  പക്ഷെ ....ഇന്ദ്രന് അതിനുള്ള പരിഹാരവും അറിയാമായിരുന്നൂ ... കർണ്ണൻ എല്ലാ ദിവസവും വൈകുന്നേരം  സൂര്യഭഗവാനെ ധ്യാനിക്കുക പതിവായിരുന്നു അത് കഴിഞ്ഞ ഉടൻ  കർണ്ണനോട് ആര്  എന്ത് ചോദിച്ചാലും കർണ്ണൻ നൽകാൻ തയ്യാറാകും അത് ഇനി സ്വന്തം ജീവൻ ആണെങ്കിൽ കൂടി ......അത്രയ്ക്ക്    ദാനധർമ്മിഷ്റ്റനായിരുന്നൂ കർണ്ണൻ ...ഇന്ദ്രൻ കർണ്ണന്റെ ഈ ദൗർഭല്യം മുതലാക്കി തന്റെ മകനെ രക്ഷിക്കാം എന്ന് തീരുമാനിച്ചു ....

കർണ്ണൻ അന്ന് രാത്രി തന്റെ ആയുധങ്ങൾ ഒക്കെ തയ്യാറാക്കി വെച്ച ശേഷം തനിക്കുണ്ടായ അപമാനങ്ങൾ ഓരോന്നായി ആലോചിച്ചു കിടന്നു ..ആദ്യം ദ്രോണർ തന്നെ ശിഷ്യനായി സ്വീകരിക്കാതിരുന്നത് ..അങ്ങനെ ഓരോന്നായി ഓർത്ത്... കിടന്നു കർണ്ണൻ ഉറങ്ങി ..

 സ്വപ്നത്തിൽ സൂര്യഭഗവാൻ വന്നു കർണ്ണനോട് പറഞ്ഞു ...നീ വൈകുന്നേരങ്ങളിൽ എന്നെ ധ്യാനിക്കുന്നത് ഞാൻ അറിയുന്നുണ്ട് ആ സമയത്ത് ആര് എന്ത് ദാനം ചോദിച്ചാലും  നീ അത് കൊടുക്കും എന്നും എനിക്കറിയാം ...നിന്റെ ഈ ദൗർഭല്യം അറിഞ്ഞു ..ഒരു ഭ്രാഹ്മണന്റെ വേഷത്തിൽ ഇന്ദ്രൻ നിന്റെയടുത്ത് വരും എന്നിട്ട് നിന്റെ കവച കുണ്ഡലങ്ങൾ ചോദിക്കും നീ ഒരു കാരണവശാലും അവ കൊടുക്കരുത്..

കർണ്ണൻ : അത് എനിക്ക് നിരസിക്കാൻ ആവില്ല ആ സമയത്ത് എന്റെ ജീവനാണ് ചോദിക്കുന്നതെങ്കിലും ഞാൻ കൊടുക്കും ..കാരണം എനിക്ക് എന്റെ പ്രതിജ്ഞ എന്റെ ജീവനേക്കാൾ വലുതാണ്‌ ..

സൂര്യൻ : പക്ഷെ ദിവ്യാസ്ത്രങ്ങളിൽ നിന്ന് പോലും നിന്നെ സംരക്ഷിക്കാൻ അവയ്ക്ക് ആകും ...

കർണ്ണൻ : അത് എനിക്കറിയാം പക്ഷെ അവ ചോദിച്ചാൽ കൊടുക്കാതിരിക്കാൻ എനിക്കാവില്ല ...ഈ ലോകത്ത് എന്റെ അമ്മയും ,ദുര്യോധനനും ഒഴികെയുള്ള മറ്റെല്ലാവരും എന്നും എന്നെ അപമാനിച്ചിട്ടേ ഉള്ളൂ .. അത് കൊണ്ട് എന്റെ കാലശേഷം  ഈ ലോകം എന്നും എന്നോട് കടപെട്ടിരിക്കണം ..അവർ എന്നും എന്നെ ഓർക്കണം അതിനു വേണ്ടി ...ഞാൻ ഇത് ചെയ്യും ...

സൂര്യൻ : അങ്ങനെയാണെങ്കിൽ ..കവച കുണ്ഡലങ്ങൾ നല്കിയശേഷം ഇന്ദ്രൻ നിന്നോട് എന്തെങ്കിലും വരം ചോദിക്കാൻ പറയുകയാണെങ്കിൽ "ശക്തി" എന്ന അസ്ത്രം ആവിശ്യപെടണം...

പെട്ടെന്ന് കർണ്ണൻ ഞെട്ടി എഴുന്നേറ്റു ....

അടുത്ത ദിവസം പതിവ് പോലെ കർണ്ണൻ സൂര്യഭഗവാനെ ധ്യാനിച്ച ശേഷം മടങ്ങുമ്പോൾ ..ഒരു ബ്രാഹ്മണൻ വന്നു ..കർണ്ണൻ അയാളെ നമസ്കരിച്ചു ..

കർണ്ണൻ : അങ്ങേയ്ക്ക് എന്താണ് വേണ്ടത് അങ്ങ് എന്നോട് എന്തോ ആവിശ്യപെടാൻ വന്നതാണ് എന്ന് എനിക്കറിയാം അങ്ങ് എന്ത് തന്നെ ആവിശ്യപെട്ടാലും അത് ഞാൻ തീർച്ചയായും തരും ..

ബ്രാഹ്മണൻ : എനിക്ക് വേണ്ടത് പൊന്നും പണവും ഒന്നും അല്ല നിന്റെ കവച കുണ്ഡലങ്ങൾ ആണ് ...

കർണ്ണൻ : ഇവ രണ്ടും എന്റെ ശരീരത്തിന്റെ ഭാഗങ്ങൾ ആണ് അങ്ങ് മറ്റേതു ആയുധങ്ങൾ വേണമെങ്കിലും ചോദിച്ചു കൊള്ളൂ ...

ബ്രാഹ്മണൻ : ...ഞാൻ കേട്ടിട്ടുള്ളത് നിങ്ങൾ വലിയ ദാനശീലനാണ് എന്നാണെല്ലോ ..എനിക്ക് വേണ്ടത് കവച കുണ്ഡലങ്ങൾ തന്നെയാണ് ..

കർണ്ണൻ വീണ്ടും ബ്രാഹ്മണനെ നമസ്കരിച്ചു ..

ബ്രാഹ്മണൻ : നീ എന്തിനാണ് പിന്നെയും എന്നെ നമസ്കരിക്കുന്നത് ?

കർണ്ണൻ : ആദ്യത്തെ എന്റെ നമസ്കാരം ബ്രാഹ്മണന് ഉള്ളതായിരുന്നൂ ....ഇത് ഇന്ദ്രനും ..

ഇത് കേട്ടയുടൻ ബ്രാഹ്മണന്റെ സ്ഥാനത്ത് സാക്ഷാൽ ഇന്ദ്രൻ തന്നെ പ്രത്യക്ഷപെട്ടു ..എന്നിട്ട് കർണ്ണനെ അനുഗ്രഹിച്ചു ..

കർണ്ണൻ : അങ്ങ്  വിഷമിക്കേണ്ട ..എനിക്ക് അറിയാം നിങ്ങൾ എന്തിനാണ് എന്നോട് എന്റെ കവച കുണ്ഡലങ്ങൾ ആവിശ്യപെടുന്നത് ..എന്ന് ..എനിക്ക്  എന്റെ പ്രതിജ്ഞ ഒരിക്കലും തെറ്റിക്കാൻ ആവില്ല അത് കൊണ്ട് അങ്ങയുടെ ഈ ആവിശ്യം നിരസിക്കാൻ എനിക്കാവില്ല ..ഇത് എനിക്ക് അഭിമാനമുള്ള കാര്യമാണ് കാരണം ...ഞാൻ ആയിരിക്കും ഇന്ദ്രൻ സഹായം ചോദിച്ചിട്ടുള്ള  ലോകത്തിലെ ഏക മനുഷ്യൻ ....

കർണ്ണൻ തന്റെ കടാര എടുത്തു തന്റെ ശരീരത്തിന്റെ ഭാഗമായ കവചവും ..കുണ്ടലങ്ങളും അറുത്തെടുത്തു ഇന്ദ്രന് കൊടുത്തു ..

ഇന്ദ്രൻ : കർണ്ണാ..നിന്നെ പോലെ ഇത്രയും ദാന ധർമ്മങ്ങൾ ചെയ്യുന്നയാളെ ഇനി  ബ്രഹ്മാവിന് പോലും സൃഷ്ടിക്കാൻ കഴിയും എന്ന് എനിക്ക് തോനുന്നില്ല ...സൂര്യഭഗവാൻ നിന്നോട് പറഞ്ഞിരുന്നു ഞാൻ വരുന്നതും ഞാൻ എന്താണ് നിന്നോട് ആവിശ്യപെടാൻ പോകുന്നത് എന്നും എന്നിട്ടും നീ നിന്റെ പ്രതിജ്ഞ തെറ്റിച്ചില്ല..നീ എന്നെ തോല്പ്പിച്ചു കളഞ്ഞു ..  നീ എന്നോട് എന്തെങ്കിലും വരം ചോദിക്ക് ..എന്ത് വേണമെങ്കിലും ചോദിച്ചോളൂ ...

കർണ്ണൻ : ഞാൻ ഇപ്പോൾ നിങ്ങളോട് എന്തെങ്കിലും ആവിശ്യപെട്ടാൽ എന്റെ ദാനത്തിനു അർത്ഥമില്ലാതാകും ...പക്ഷെ ഞാൻ വരാൻ പോകുന്ന കുറ്റപെടുത്തലുകളിൽ നിന്നും അങ്ങയെ രക്ഷിക്കാൻ വേണ്ടി എന്തെങ്കിലും ആവിശ്യപെട്ടേ  മതിയാകൂ ..അത് കൊണ്ട് അങ്ങ് എനിക്ക് "ശക്തി" എന്ന അസ്ത്രം നല്കി അനുഗ്രഹിക്കണം ...

ഇന്ദ്രൻ "ശക്തി"  എന്ന അസ്ത്രം പ്രത്യക്ഷപെടുത്തി കർണ്ണനു നല്കി എന്നിട്ട് പറഞ്ഞു ..നിനക്ക് ഈ അസ്ത്രം ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ ...അത് കഴിഞ്ഞു ഈ അസ്ത്രം തിരിച്ചു എന്റെ കയ്യിലേക്ക് തന്നെ വരും ...

കർണ്ണൻ : അല്ലെങ്കിലും എനിക്ക് ഈ അസ്ത്രം ഒരൊറ്റ തവണ മാത്രമേ പ്രയോഗിക്കേണ്ടി വരുകയുള്ളൂ കാരണം ..എനിക്ക് ഈ ലോകത്ത് ആകെ ഒരൊറ്റ ശത്രു മാത്രമേ ഉള്ളൂ  ...

ഇന്ദ്രൻ അപ്രത്യക്ഷനായി ....

 ദുര്യോധനൻ ശ്രീ കൃഷ്ണനെ രാജ സദസ്സിൽ വെച്ച് ബന്ധനസ്ഥൻ ആക്കാൻ ശ്രമിച്ച തെറ്റിന് ദുര്യോധനന് വേണ്ടി കർണ്ണൻ ശ്രീ കൃഷ്ണനെ കണ്ടു മാപ്പ് ചോദിക്കാൻ തീരുമാനിച്ചു ..കർണ്ണൻ വിധുരിന്റെ വീട്ടിലെത്തി ....ശ്രീ കൃഷ്ണനെ കണ്ടതും ...

കർണ്ണൻ : ഞാൻ എന്റെ സുഹൃത്ത് ദുര്യോധനന് വേണ്ടി അങ്ങയോടു മാപ്പ് ചോദിക്കാനാണ് വന്നത് ..

ശ്രീ കൃഷ്ണൻ : ഒരാൾ തന്റെ തെറ്റിന് സ്വയം മാപ്പ് ചോദിക്കേണ്ടത്‌ ..മറ്റൊരാൾ വഴിയല്ല .. ഞാൻ അപമാനിക്കപെട്ടിട്ടില്ല കർണ്ണാ..അപമാനിക്കപെട്ടത്‌ ദുര്യോധനൻ തന്നെയായിരുന്നു ...ഹസ്തിനപുരിയും ..ആ രാജസദസ്സും ആയിരുന്നു ...അപമാനിക്കപെട്ടത്‌ ..അതിനു എന്നോട് ക്ഷമ ചോദിച്ചിട്ട് എന്ത് കാര്യം ..? ഏതായാലും ഇവിടം വരെ വന്ന സ്ഥിതിക്ക് നീ എന്റെ രഥത്തിൽ എന്റെ  കൂടെ കുറച്ചു ദൂരം വാ ..

കർണ്ണൻ : അങ്ങ് എന്നെ അങ്ങയുടെ തേരാളിയാക്കിയാൽ ഞാൻ വരാം ..

അങ്ങനെ ശ്രീ കൃഷ്ണന്റെ രഥത്തിൽ കർണ്ണൻ തേരാളിയായി ശ്രീ കൃഷ്ണൻ പറഞ്ഞ വഴിയെ അവർ കുറച്ചു ദൂരം സഞ്ചരിച്ചു ..കർണ്ണന്റെ രഥത്തിൽ സാത്യകിയും ക്രിപാവർമ്മനും ഇരുന്നു അവരുടെ അല്പം പിന്നിലായി പിന്തുടർന്നു...

ഒരു ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ ശ്രീ കൃഷ്ണൻ പറഞ്ഞത് അനുസരിച്ച്  കർണ്ണൻ രഥം നിർത്തി ...

ശ്രീ കൃഷ്ണൻ : നിങ്ങൾക്ക് അത്ഭുതം തോനുന്നുണ്ടോ ..നിങ്ങളെ  ഞാൻ എങ്ങോട്ട് ആണ് ഈ കൂട്ടികൊണ്ട് പോകുന്നത് എന്ന് ?

കർണ്ണൻ : അങ്ങയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ അത്ഭുതപെടുമായിരുന്നു ..പക്ഷെ അങ്ങ് എന്നെ ഇവിടെയ്ക്ക് കൂട്ടി കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അതിനു എന്തെങ്കിലും വ്യക്തമായ കാരണം ഉണ്ടാകും എന്ന് എനിക്കറിയാം ..

ശ്രീ കൃഷ്ണൻ : കർണ്ണാ ..നിങ്ങൾ  വളരെ നല്ല ഒരു വ്യക്തിയാണ് ..സത്യസന്ധനും ..ധർമ്മിശ്ടനും ആണ്  ..നിങ്ങൾ ധർമ്മം എന്ന് വിശ്വസിച്ചതെല്ലാം നിങ്ങൾ കൃത്യമായി ചെയ്തു ..പിന്നെ എങ്ങനെ ആണ് അധർമ്മിയായ ദുര്യോധനന്റെ പക്ഷത്തായത് ?

കർണ്ണൻ : ഞാനും ദുര്യോധനനും തമ്മിലുള്ള ബന്ധം ധർമ്മത്തിലൊ അധർമ്മത്തിലോ അതിഷ്ടിതമല്ല ..സ്നേഹം അതാണ്‌ ഞങ്ങൾ തമ്മിലുള്ള  ബന്ധത്തിന്റെ ആധാരം ..അവൻ എന്റെ സുഹൃത്താണ് ....അന്ന് ദ്രോണരും ക്രിപാചാര്യരും പാണ്ടവരും അടക്കം അവിടെയുണ്ടായിരുന്ന എല്ലാ ക്ഷത്രിയന്മാരും എന്നെ തള്ളിപറഞ്ഞു..ഞാൻ ഒരു സൂത പുത്രനാണ് എന്ന ഒറ്റ കാരണം കൊണ്ട്... അന്ന് ദുര്യോധനൻ മാത്രമാണ് എന്നെ അംഗീകരിച്ചത്..സഹായിച്ചത് ..അവൻ എന്നെ അംഗ രാജ്യത്തിന്റെ രാജാവാക്കി..ആ അഹങ്കാരിയായ അർജ്ജുനനെ വെല്ലുവിളിക്കാനുള്ള അവകാശം അവൻ എനിക്ക് നേടി തന്നു ...ആ ഒരൊറ്റ കാരണം കൊണ്ട് അവന്റെ എല്ലാ തെറ്റുകളും ഞാൻ കണ്ടില്ലെന്നു നടിച്ചു ..ഈ ലോകത്ത് എനിക്ക് രണ്ടു പേരോട് മാത്രമേ സ്നേഹമുള്ളൂ ... ദുര്യോധനനും ..പിന്നെ എന്റെ വളർത്തമ്മ...രാധ ..അവർ എന്നെ പ്രസവിച്ചിട്ടില്ല ..പക്ഷെ എന്റെ പെറ്റമ്മയെ പോലെ എന്നെ ഉപേക്ഷിച്ചില്ല  ..അത് കൊണ്ട് എനിക്ക് അവരെ എന്റെ പെറ്റമ്മയെക്കാൾ   ഇഷ്ടമാണ് . ഇവരുടെ സന്തോഷമാണ് എന്റെയും സന്തോഷം ..ഇവരുടെ ദു:ഖമാണ് എന്റെയും ദു:ഖം ..അല്ലാതെ എനിക്ക് എന്റെതായി ഒരു സന്തോഷവും ഇല്ല ദു:ഖവും...ഇല്ല....ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇവർ രണ്ടു പേർക്കും  എന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടാകും

... ഇവർ രണ്ടു പേർക്കും മാത്രം ...

ശ്രീ കൃഷ്ണൻ : അതെല്ലാം ശെരിയാണ്‌ ..പക്ഷെ ..ഈ  സഹായത്തിനുള്ള പ്രതിഫലം ചെറുതല്ല ..നീ നല്കുന്നത് ..പക്ഷെ ധർമ്മത്തിനും അധർമ്മതിനും മുന്നിൽ നീ നിൽക്കുമ്പോൾ അധർമ്മത്തിന്റെ പക്ഷം ചേർന്ന് നീ നിന്റെ കടം വീട്ടുന്നത് ശെരിയാണോ ? അങ്ങനെ എന്ത്   വില കൊടുത്തും ഈ കടം വീട്ടേണ്ടതുണ്ടോ  ?

കർണ്ണൻ : അത് ഞാൻ സഹായം സ്വീകരിച്ച സമയത്ത് തന്നെ ആലോചിക്കേണ്ടിയിരുന്നതാണ് ... പക്ഷെ ഇനി എനിക്ക് ഈ കടം വീട്ടാതെ വേറെ നിവൃത്തിയില്ല ..അതിന്റെ പരിണാമം ഇനി എന്ത് തന്നെ ആയാലും ...

ശ്രീ കൃഷ്ണൻ :  നിന്റെ വീക്ഷണത്തിൽ ഇതെല്ലാം ശെരിയായിരിക്കും ...ഇനി നീ ഇങ്ങനെയൊന്നു ആലോചിച്ചു നോക്കൂ ...അന്ന് ദുര്യോധനൻ അപമാനിതനായി നിൽക്കുമ്പോൾ അവനു അർജ്ജുനനു എതിരെ പ്രയോഗിക്കാൻ കഴിയുന്ന ശക്തമായ ഒരു ആയുധം  ആവിശ്യമായിരുന്നു അംഗ രാജ്യം വിലയായി തന്നു നിന്നെ അവൻ വിലയ്ക്കെടുത്തു....നിന്നിൽ അവൻ അർജ്ജുനന്റെ ശക്തനായ ഒരു എതിരാളിയെ കണ്ടിരുന്നു ...

കർണ്ണൻ : ഇനി അഥവാ അങ്ങനെയാണ് സംഭവിച്ചത് എങ്കിലും അന്ന് ഞാൻ സ്വയമാണ് എന്നെ അവനു വിറ്റത്..

കർണ്ണനെ പിന്തിരിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും അടയുന്നത് കണ്ട ശ്രീ കൃഷ്ണൻ ഒടുവിൽ അവസാനത്തെ ശ്രമം ആരംഭിച്ചു ..

ശ്രീ കൃഷ്ണൻ : കർണ്ണാ ..നീ സത്യത്തിൽ ആരാണ്   എന്ന് നിനക്കറിയാമോ ? നീ എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

കർണ്ണൻ : അതിനെ കുറിച്ച് ചിന്തിച്ചത് കൊണ്ട് എന്ത് പ്രയോജനം ?

ശ്രീ കൃഷ്ണൻ : അതായതു നിനക്കറിയില്ല യഥാർതത്തിൽ നീ ആരാണ് എന്ന് അല്ലേ ?

കർണ്ണൻ : ഇല്ല ..എനിക്കറിയില്ല ..പക്ഷെ എനിക്ക് ഊഹിക്കാൻ കഴിയും ..ഞാൻ ഏതോ വലിയ കുടുംബത്തിലെ ചിലപ്പോൾ ഏതെങ്കിലും ഒരു രാജകുമാരിയുടെ പുത്രനായിരിക്കും ..അവരുടെ വീട്..ഗംഗാ നദിയുടെ തീരത്തായിരിക്കണം ..അത് കൊണ്ടാണെല്ലോ ..അവർ പ്രസവിച്ച ഉടൻ അപമാനം ഭയന്ന് ..എന്നെ ഗംഗയിൽ ഉപേക്ഷിച്ചത് ..അവർക്ക് സ്വന്തം പുത്രനേക്കാൾ വലുത് അവരുടെ  അഭിമാനമായിരുന്നു ..

ശ്രീ കൃഷ്ണൻ: നീ  ഒരിക്കലും നിന്റെ അമ്മയെ കണ്ടെത്താൻ ശ്രമിചിട്ടില്ലേ ? നിനക്ക് അവരെ കണ്ടെത്തണം എന്ന് തോന്നിയിട്ടില്ലേ ?

കർണ്ണൻ : എന്നെ ഒരിക്കൽ ഉപേക്ഷിച്ച ആ അമ്മയെ കണ്ടെത്തിയത് കൊണ്ട് എന്ത് പ്രയോജനം ..? ഒരു പക്ഷെ എന്റെ ജന്മശേഷം അവർ വേറെ വിവാഹം  കഴിച്ചിരിക്കാം അതിൽ അവർക്ക് വേറെ മക്കളും ഉണ്ടാകാം ..അവർക്ക് ഇനി എന്റെ എന്ത് ആവിശ്യം ? ..പക്ഷെ അങ്ങ് എന്തിനാണ് എന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിക്കുന്നത് ..നമുക്ക് ഭാവിയെക്കുറിച്ച് സംസാരിക്കാം ..വരാൻ പോകുന്ന യുദ്ധത്തെ കുറിച്ച് സംസാരിക്കാം ..എനിക്ക് എന്റെ അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തത് ഓർത്തു ഒരിക്കലും ദു:ഖം തോന്നിയിട്ടില്ല ..എന്റെ അമ്മയുടെ പേര് രാധ എന്നാണു ..ഞാൻ രാധേയൻ എന്നറിയപെടാനാണ് ആഗ്രഹിക്കുന്നത് .. പക്ഷെ അങ്ങ് എന്തിനാണ് എന്റെ ഭൂതകാലം ചികയുന്നത് എന്ന് പറഞ്ഞില്ല ...

ശ്രീ കൃഷ്ണൻ : നിങ്ങളുടെ ഊഹം ശെരിയാണ് കർണ്ണാ ..നിങ്ങളുടെ അമ്മ ഒരു പേര് കേട്ട കുടുംബത്തിലെ അംഗമാണ് ..അത് കൊണ്ട് നിങ്ങൾ ജനിച്ചപ്പോൾ അപമാനം ഭയന്ന് അവർ നിങ്ങളെ ഗംഗയിൽ ഉപേക്ഷിച്ചു ..ഇപ്പോൾ അവർ   ഒരു പാട് പുത്രന്മാരുടെ അമ്മയാണ് ..പക്ഷെ അവരുടെ ഹൃദയത്തിൽ ഒരു ഒഴിഞ്ഞ സ്ഥാനമുണ്ട് ...അവർ രാവും പകലും അവർക്ക് ഉപേക്ഷിക്കേണ്ടി വന്ന കവച കുണ്ടലങ്ങളോട് കൂടി ജനിച്ച.....ആ പുത്രനെയോർത്ത് വേദനിക്കുന്നു ..

കർണ്ണൻ : അപ്പോൾ അങ്ങ് പറയുന്നത് ഞാൻ ഒരു സൂത പുത്രൻ അല്ല ക്ഷത്രിയനാണ് എന്നാണോ ? അങ്ങേയ്ക്ക് അറിയാമോ എന്റെ അമ്മ ആരാണ് എന്ന് ? അവർ ഇപ്പോഴും ജീവനോടെയുണ്ടോ ? എനിക്ക് ..എനിക്ക് എന്റെ അമ്മയെ ഒന്ന് കാണാൻ പറ്റുമോ ?

ശ്രീ കൃഷ്ണൻ : അതെ നീയും ഒരു ക്ഷത്രിയനാണ് സത്യത്തിൽ നീ പാണ്ഡവരുടെ അമ്മ കുന്തിയുടെ ഏറ്റവും മൂത്ത പുത്രനാണ് ...നിങ്ങൾ ആണ് പാണ്ഡവരുടെ ഏറ്റവും മൂത്ത ജേഷ്ടൻ....

കർണ്ണൻ കരുതിയതിനേക്കാൾ വലിയ ആഗാതമാണ് ഈ സത്യം കർണ്ണന് ഉണ്ടാക്കിയത് ..

കർണ്ണൻ : അപ്പോൾ ..എന്റെ അച്ഛൻ ആരാണ് ?

ശ്രീ കൃഷ്ണൻ :  നിന്റെ ഇഷ്ട ദേവൻ സൂര്യഭഗവാൻ തന്നെയാണ് നിന്റെ അച്ഛൻ

കർണ്ണൻ :ഞാൻ സൂര്യ പുത്രനാണോ ?

ശ്രീ കൃഷ്ണൻ: അതെ ...

കർണ്ണൻ : എന്റെ  ദൗർഭാഗ്യം അങ്ങ് കണ്ടില്ലേ ...സൂര്യപുത്രനായ ...കുന്തീ പുത്രനായ ..പാണ്ഡവരുടെ എല്ലാം ഏറ്റവും മൂത്ത ജേഷ്ടനായ..ഈ കർണ്ണൻ അറിയപെടുന്നത് ...രാധേയനായി ...ഈ ലോകം മുഴുവൻ എന്നെ സൂത പുത്രൻ എന്ന് വിളിച്ചു ..ഞാൻ അത് കേട്ട് കേട്ട് ഞാനും വിശ്വസിച്ചു ..ഞാൻ സൂത പുത്രനാണ് എന്ന് ..  ഓർത്തു നോക്കൂ ..അങ്ങ് ഈ പറഞ്ഞ സത്യം എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ..അങ്ങ് തന്നെ ഇതിനു ഒരു ഉപായം എനിക്ക് പറഞ്ഞു തരൂ ..അങ്ങേയ്ക്ക് ഈ സത്യങ്ങൾ  എല്ലാം നേരത്തെ അറിയാമായിരുന്നൂ എന്നിട്ട് ഇത്രയും നാൾ എന്തിനു ഇത് എന്നിൽ നിന്നും മറച്ചു വെച്ചു ? എന്തിനാണ് ഇപ്പോൾ ഇത് എന്നോട് പറഞ്ഞത് ? എനിക്ക് പാണ്ടവരോട് വെറുപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...പാണ്ഡവരുടെ മരണം എന്റെ ജീവിത ലക്ഷ്യമായി ഞാൻ കരുതി ....അങ്ങ് എന്തിനാണ് ഇതെല്ലാം പറഞ്ഞു എന്റെ സ്വസ്ഥത നശിപ്പിച്ചത് ? ഇതിലും നല്ലത് നിങ്ങൾക്ക് ഇത് എന്നോട് ഒരിക്കലും പറയാതിരിക്കാമായിരുന്നില്ലേ... ? എനിക്ക് ഇനി എങ്ങനെ അർജ്ജുനനെ ഉന്നം വെച്ചു അമ്പു എയ്യാൻ കഴിയും ? കൃഷ്ണാ ...അങ്ങ് എന്നെ യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്നെ തോൽപ്പിച്ച് കളഞ്ഞെല്ലോ ! ? അങ്ങ് എന്തിനാണ് ഇത് എന്നോട് ചെയ്തത് ?

ശ്രീ കൃഷ്ണൻ: പാണ്ടാവരിൽ മൂത്തവനായ നീ നിന്റെ അനുജന്മാരോട് യുദ്ധം ചെയ്യാതിരിക്കാൻ ..അതിനു വേണ്ടിയാണ് ഞാൻ ഇതെല്ലം നിന്നോട് പറഞ്ഞത് .. നീ കുന്തിയുടെ ഏറ്റവും മൂത്ത പുത്രനാണ് ..അപ്പോൾ നിയമം അനുസരിച്ച് ..പാണ്ടവരിൽ ഏറ്റവും മൂത്തത് നീയാണ് ...

കർണ്ണാ ...നീ എന്റെ കൂടെ വാ ...ഇനി നീയായിരിക്കും ഇന്ദ്രപ്രസ്ഥത്തിന്റെ രാജാവ് ..ഭീമൻ നിങ്ങളെ എപ്പോഴും സംരക്ഷിക്കും ..അർജ്ജുനൻ ആയിരിക്കും നിന്റെ തേരാളി ...നകുലനും സഹദേവനും ഒപ്പം ഞാനും നിങ്ങളുടെ രഥത്തിന്റെ പിന്നിൽ ഉണ്ടാകും എപ്പോഴും ...നീ ധർമ്മ നിഷ്ടയിൽ യുധിഷ്ടിരനെ പോലെയും ,അസ്ത്രവിദ്യയിൽ അർജ്ജുനനെപോലെയും സൌന്ദര്യത്തിൽ നകുലനെപോലെയും ...ആണ് അങ്ങനെയുള്ള നിങ്ങളെ ആരും ഇതുവരെ തിരിച്ചറിഞ്ഞില്ല എന്നത് തന്നെ ഒരത്ഭുതം ആണ് ..എന്റെ കൂടെ വാ കർണ്ണാ ..ഈ ലോകം മുഴുവൻ നിന്റെ  കാൽകീഴിൽ വെക്കാം ഞാൻ ..ഈ ലോകം മുഴുവൻ ....അത് വഴി നിനക്ക് അഞ്ചു സഹോദരന്മാരെ ലഭിക്കും ..നിനക്ക് നിന്റെ അമ്മയെ ലഭിക്കും

 കർണ്ണൻ : അങ്ങ് പറയുന്നതെല്ലാം ശെരിയാണ് ..പക്ഷെ ഞാൻ ദുര്യോധനനോട് കടപ്പെട്ടവനാണ്....അതിനെ കുറിച്ച് അങ്ങ് ഒന്നും തന്നെ പറഞ്ഞില്ല ....എനിക്കറിയാം പാണ്ഡവർ അങ്ങയുടെ സംരക്ഷണത്തിലാണ് എന്ന്.. എനിക്ക് എന്നല്ല ആർക്കും തന്നെ അവരെ യുദ്ധം ചെയ്തു തോല്പിക്കാൻ ആവില്ല ...എനിക്കറിയാം ഈ യുദ്ധത്തിൽ കൗരവർ തോൽക്കുമെന്ന് ..എങ്കിലും ...ഞാൻ ദുര്യോധനന് വേണ്ടി മാത്രമേ യുദ്ധം ചെയ്യുകയുള്ളൂ ..അവനു വേണ്ടി ഞാൻ പരാജയം ഏറ്റു വാങ്ങാൻ പോലും തയ്യാറാണ് ....അർജ്ജുനൻ എന്റെ അനുജനാണ് എന്ന് അറിഞ്ഞു കൊണ്ട് എനിക്ക് ഇനി അവന്റെ ജീവൻ എടുക്കാൻ ആവില്ല ..എന്നാലും ഞാൻ അവനെതിരെ യുദ്ധം ചെയ്യും ..അങ്ങേയ്ക്ക് അറിയാമായിരുന്നു ഞാൻ ദുര്യോധനനെ ഉപേക്ഷിക്കില്ല എന്ന് എന്നിട്ടും അങ്ങ് എന്നോട് ഇതെല്ലാം പറഞ്ഞു അർജ്ജുനനെ സംരക്ഷിക്കുകയായിരുന്നില്ലേ ? നിങ്ങൾ ഇതൊന്നും ചെയ്തില്ലായിരുനെങ്കിൽ ..എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു ...

 ഇനി അങ്ങ് എനിക്കൊരു വാക്ക് തരണം ..ഞാൻ മരിക്കുന്നത് വരെ പാണ്ഡവർ  അറിയരുത് ഞാൻ അവരുടെ ജേഷ്ടനാണ്..എന്ന്  അറിഞ്ഞാൽ യുധിഷ്ടിരന് പിന്നെ രാജാവായി ഇരിക്കാൻ കഴിയില്ല ..അവൻ ഇന്ദ്രപ്രസ്ഥം  എന്നെ ഏല്പിക്കും ..ഞാൻ ദുര്യോധനനോടുള്ള കടപ്പാട് കാരണം  അത് ദുര്യോധനന് നല്കും ....അത് പാണ്ടവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും ...ഇനി നമ്മൾ രണഭൂമിയിൽ ആയിരിക്കും കണ്ടു മുട്ടുക ....

ഇത്രയും പറഞ്ഞു കർണ്ണൻ അവിടെ നിന്നും പോയി ...

കർണ്ണൻ  തന്റെ വിധിയോർത്ത് ഒരു പാട്വിഷമിച്ചു ..അവൻ ബ്രഹ്മാവിനോട് തന്റെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ  എല്ലാം ചോദിച്ചു ....

കർണ്ണൻ കൈകൾ മുകളിലേയ്ക്ക് ഉയർത്തി...ദൈവത്തോടായി ....ചോദിച്ചു ....

    ദൈവമേ ...ഞാൻ ആരാണ് രാധേയനാണോ ? അതോ കുന്തീ പുത്രനോ ? ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് സൂര്യ ഭഗവാനാണ് ..എന്റെ അമ്മയാണ് .. സൂര്യൻ ഇപ്പോഴും നിന്നും ശോഭിക്കുന്നു ..എന്റെ അമ്മ ഇപ്പോഴും കൊട്ടാരത്തിൽ സുരക്ഷിതയാണ് ..പിന്നെ അതിന്റെ പരിണാമമായ ഞാൻ മാത്രം എന്തിനു ശിക്ഷ അനുഭവിക്കണം ...? ഇത് എന്ത് അന്യായമാണ് ..?

ഞാൻ പാണ്ടാവരിൽ മൂത്തവനാനെങ്കിൽ പിന്നെ നീ എന്തിനാണ് എന്നെ ദുര്യോധനു കടപെട്ടവനാക്കിയത് ...ഞാൻ ഇനി എന്റെ അനുജന്മാർക്ക് എതിരെ യുദ്ധം ചെയ്യേണ്ട സ്ഥിതിയിൽ കൊണ്ടെത്തിച്ചത്  ? നീ എഴുതിയ എന്റെ വിധി ആദ്യം ഒന്ന് വായിച്ചു നോക്കാമായിരുന്നില്ലേ ?

ഇപ്പോൾ നീ എന്തിനാണ് എന്നെ ഇതെല്ലാം അറിയിച്ചത് ..? നിനക്ക് കൃഷ്ണനോട് പറയാമായിരുന്നില്ലേ എന്നോട്  ഇതെല്ലം പറഞ്ഞാൽ  അത്..എന്നോട് ചെയ്യുന്ന ഏറ്റവും വലിയ അന്യായമായിരിക്കും എന്ന് ..ഇനി ഞാൻ എങ്ങനെ എന്റെ അനുജന്മാരെ വധിക്കും ? ..ഇല്ല ഞാൻ തോല്ക്കില്ല ....ഞാൻ അവർക്ക് എതിരെ യുദ്ധം ചെയ്യും .. കാരണം അതാണ്‌ എന്റെ ധർമ്മം..

ധർമ്മവും അധർമ്മവും തമ്മിലുള്ള ഈ യുദ്ധത്തിൽ നീ എന്നെ എന്തിനു അധർമ്മത്തിന്റെ പക്ഷത്താക്കി ...? ഞാൻ അഞ്ചു മഹാ യോദ്ധാക്കന്മാരുടെ സഹോദരനാണ് ..എന്നിട്ടും ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ് .....നിനക്ക് എന്നെ ഉപേക്ഷിക്കാം ..എന്റെ അമ്മയ്ക്കും എന്നെ ഉപേക്ഷിക്കാം പക്ഷെ ഞാൻ ഒരിക്കലും ദുര്യോധനനെ ഉപേക്ഷിക്കില്ല ..

  Flag Counter

1 comment:

  1. യുദ്ധം പ്രഖ്യാപിച്ചപ്പോൾ കർണൻ തന്റെ അവസാന വിൽപ്പത്രത്തിൽ ഒപ്പിടണമായിരുന്നു. കാരണം, പരശുരാമന്റെ ആശ്രമത്തിലെ അദ്ദേഹത്തിന്റെ (തെറ്റായ) സാഹസികത മുതൽ അദ്ദേഹത്തിന്റെ മരണം ഒരു അനുരൂപമാണ്.

    അധികാരത്തിൽ എതിരാളിയായ ഒരാളുടെ കയ്യിൽ നിന്ന് ശിരഛേദം ചെയ്യപ്പെടാൻ കർണ്ണൻ ശപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ഒരു സമ്പൂർണ്ണ യുദ്ധത്തിൽ, ശക്തരായ എതിരാളികൾ ഉണ്ടെങ്കിൽ കർണ്ണൻ അവന്റെ ശാപത്താൽ മരിക്കും.
    ആവശ്യമുള്ളപ്പോൾ ബ്രഹ്മാസ്ത്രത്തെക്കുറിച്ചുള്ള തന്റെ അറിവ് മറക്കാൻ കർണ്ണൻ ശപിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ കർണ്ണൻ മേൽക്കൈ നേടുമ്പോൾ, ബ്രഹ്മാസ്ത്രത്തിന് ഒരു ദ്രുത അസ്ത്രത്തിൽ എതിരാളിയെ കൊല്ലാൻ കഴിയുമ്പോൾ അത് ആവശ്യമാണ്. അല്ലെങ്കിൽ കർണ്ണനെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പ്രതിരോധമാണിത് (അതിന് ഒരു സാധ്യതയുമില്ല). അതിനാൽ, അടിസ്ഥാനപരമായി, തുല്യനായ ഒരു യോദ്ധാവിനെ ബ്രഹ്മാസ്ത്രം ഉപയോഗിച്ച് കൊല്ലാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
    കവചവും കുണ്ഡലവും ഉണ്ടായിരുന്നെങ്കിൽ കർണ്ണന് ശക്തി അസ്ത്രം ഉണ്ടാകില്ല.
    അതിനാൽ, കർണ്ണൻ 17-ാം ദിവസത്തിൽ എത്തുന്നതിനു പകരം ഘഡോത്കച്ചയാൽ ശിരഛേദം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 14-ാം ദിവസം അവസാനിക്കുമ്പോഴേക്കും കർണ്ണൻ മരിക്കും. ഒന്നുകിൽ ഘഡോത്കച അല്ലെങ്കിൽ അർജ്ജുനൻ (കർണ്ണന് ശക്തി അസ്ത്രം ഇല്ലാതിരുന്നതിനാൽ, കൃഷ്ണൻ കർണ്ണനെ ഒഴിവാക്കാൻ ഒരു കാരണവുമില്ല).

    എന്നാൽ കവചം ദിവ്യ അമൃത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, കർണ്ണൻ ശിരഛേദം ചെയ്ത ശേഷം മരിക്കാനിടയില്ല. രാഹു-കേതു കഥ പോലെ. എന്നാൽ അവൻ പൂർണ്ണമായും വികലാംഗനായിരിക്കും, എന്തായാലും മരിച്ചതുപോലെ തന്നെ. സോപാധികമായ അനശ്വരനായ (ഭീഷ്മരിൽ) വികലാംഗനും സോപാധികമായ അജയ്യനും (ദ്രോണനിൽ) പരാജയപ്പെടുന്നതും നാം കണ്ടു.

    കർണ്ണന്റെ കവചും കുണ്ഡലവും കർണ്ണന്റെ ശാപം നിമിത്തം ഒരു നേട്ടത്തിനുപകരം ഒരുപാട് കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടാക്കൂ.

    ReplyDelete